Monday, October 13, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (അവസാന ഭാഗം)

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഈ പാർക്കിലെ അവസാന തെരുവായ  1920 സ്ട്രീറ്റിലാണ് ...!

ആധുനികതയുടെ കടന്നു വരവ് എഡ്മണ്‍ഡണിനെ ആകെ മാറ്റിമറിച്ചു. മോട്ടോർ വാഹനങ്ങൾ നിരത്തുകളിൽ നിറഞ്ഞു. ഇക്കാലത്താണ് കാനഡയുടെ ആദ്യത്തെ മുൻസിപ്പൽ വ്യോമതാവളം എഡ്മണ്‍ഡണിൽ നിർമിക്കപ്പെട്ടത്...  വിമാനങ്ങൾ സൂക്ഷിക്കാനുള്ള കൂടാരത്തിന്റെയും വിമാനത്തിന്റെയും  ഒരു ചെറുപകർപ്പ്  ഇവിടെ ഈ പാർക്കിൽ ഉണ്ട് .
വ്യോമയാന താവളം 
Replica of Avro -avian biplane 
കാപ്പിറ്റോൾ തിയ്യറ്ററാണ് ഈ തെരുവിലെ മറ്റൊരാകർഷണം . 1929-ൽ ഉദയം കൊണ്ട പ്രദർശനശാലയുടെ   തനിപ്പകർപ്പാണിതെങ്കിലും ആധുനിക നിർമാണ രീതികളും ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലെ ഇതിന്റെ നിർമിതിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഴയതിനേക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇവിടെ സിനിമയും നാടകവും പ്രദർശിപ്പിക്കുന്നുണ്ട്.  സമയക്കുറവു മൂലം പ്രദർശനം കാണാൻ നിന്നില്ല.
കാപ്പിറ്റോൾ പ്രദർശനശാല  

ഈ തെരുവിൽ കാപ്പിറ്റോൾ തിയ്യേറ്ററിന് എതിർവശത്തായിട്ടാണ് മരുന്നുകടയും മധുരപലഹാരക്കടയും സ്ഥിതി ചെയ്യുന്നത്. പൂർവ കാലത്തിലും ഇവ ഒരുമിച്ചു തന്നെയായിരുന്നു, ഒരേ കെട്ടിടത്തിൽ തന്നെയായിരുന്നു. പ്രവർത്തനമാരംഭിച്ചതും ഒരേ കാലത്തു തന്നെ... 1922 -ൽ . 1967 ൽ ജീർണത കാരണം പൊളിച്ചു കളയേണ്ടി വന്നുവെങ്കിലും അതേ മാതൃകയിൽ തന്നെയാണ് ഈ പാർക്കിൽ പുനർനിർമിക്കപ്പെട്ടിരിക്കുന്നത്. രുചിയും അന്നത്തെ കാലത്തേത് തന്നെയായിരിക്കാൻ വേണ്ടി അതേ ചേരുവകളും പാചകരീതികളും പിന്തുടരുന്നുവെന്ന് അറിഞ്ഞതിനാൽ ഒരു വെണ്ണ ബിസ്ക്കറ്റ് വാങ്ങിക്കഴിച്ചു.... ബാല്യത്തിലെങ്ങോ പറഞ്ഞു കേട്ട നാവിലലിയുന്ന ബിസ്ക്കറ്റ് ...! :) പെട്ടന്ന് അമ്മയമ്മൂമ്മമാരെ ഓർത്തു പോയി, അവരാരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ, ആ രുചി ഒരിക്കൽ കൂടി അവർക്കു നൽകാമായിരുന്നുവല്ലോ  ...!
 മരുന്നുകടയും പലഹാരക്കടയും ....
നഗരം വളർന്നു തുടങ്ങിയപ്പോൾ എഡ്മണ്‍ഡണ്‍ മറ്റു മേഖലകളിലേക്കും ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് മിനി ഗോൾഫ് കോഴ്സുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി ആരംഭിച്ചത്. അന്നത്തെ ഒരു മിനി ഗോൾഫ് കോഴ്സ് ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലും പുനരാവിഷ്ക്കരിച്ചിരിക്കുന്നു.....    
മിനി ഗോൾഫ് കോഴ്സ് 
കാനഡയിലെ ആദ്യത്തെ മോസ്ക് പിറവി കൊണ്ടതും  എഡ്മണ്‍ണിലാണ്, 1938ൽ ... അന്ന് ഏതാണ്ട് എഴുന്നൂറോളം അംഗങ്ങളുണ്ടായിരുന്ന മുസ്ലിമുകൾക്കു വേണ്ടി ഹിൽവി ( Hilwi Hamdon) എന്ന മഹതിയാണ് അന്നത്തെ മേയറോട് ആരാധനാലയത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാ മതസ്ഥരുടേയും സഹകരണത്തോടെ  നിർമിക്കപ്പെട്ട ഈ ദേവാലയത്തിനുള്ളിൽ ഇരിക്കുമ്പോൾ, മതസൗഹർദ്ദവും സഹിഷ്ണുതയും നഷ്ടപ്പെട്ട ഇന്നത്തെ   ലോകത്തെക്കുറിച്ചായിരുന്നു ആകുലത മുഴുവൻ.... ! മുസ്ലിം സമൂഹം വളരുകയും പഴയ ദേവാലയം അപര്യാപ്തമാവുകയും ചെയ്തപ്പോൾ മറ്റൊരിടത്ത് പുതിയതൊന്ന് പണി കഴിപ്പിച്ചു. അങ്ങിനെയാണ് ചരിത്രത്തിന്റെ ഭാഗമായ പഴയ  ആരാധനാലയം ഈ പാർക്കിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.
Al - Rashid Mosuqe

ഈ പാർക്കിലെ മറ്റൊരു പ്രധാന ആകർഷണമാണ്‌ മോട്ടോർഡോം. പഴയതും പുതിയതുമായ മോട്ടോർ വാഹനങ്ങളുടെ വില്പനക്കും സൂക്ഷിച്ചു വെക്കലിനും കേടുപാടുകൾ പോക്കലിനുമൊക്കെയായിട്ടാണ് 1919ൽ ഈ സ്ഥാപനം ആരംഭിച്ചത്. ഈ പാർക്കിലെ 1920 തെരുവിൽ അന്നത്തെ വാഹനങ്ങളുടെ പ്രദർശനവും ആവശ്യപ്പെടുന്നവർക്ക് സവാരിയും ഏർപ്പെടുത്തിയിരിക്കുന്നു. ഓടിനടന്നാൽ പോലും ഈ പാർക്കു മുഴുവൻ കണ്ടു തീരാൻ ഒരു ദിവസം പോരാ ... ചിത്രത്തിൽ കാണുന്ന മോട്ടോർ സൈക്കിൾ പിന്നേം പിന്നേം ഒരു സവാരിക്കായി മോഹിപ്പിക്കുണ്ടായിരുന്നു, എന്നിട്ടും ഒത്തിരി നേരം കാത്തു നിൽക്കേണ്ടി വരുമെന്നതിനാൽ മനസില്ലാമനസോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.....
Motordome

ദാ , നോക്കൂ... സ്ട്രീറ്റ് കാറല്ലേ അത്...? നമുക്കൊന്ന് ചുറ്റിടയിച്ചു വന്നാലോ... ഈ തെരുവിനെ ചുറ്റി ഒരു കിലോമീറ്റർ ദൂരത്തിൽ ഒരു സവാരിയാവാം. നമ്മൾ മുൻപ് കണ്ട പല കാഴ്ചകളും ഒന്നുകൂടി കാണാം, ഒപ്പം നടന്നു തളർന്ന കാലുകൾക്ക് ഒരു വിശ്രമവുമാകും ഈ യാത്ര.... 1908 - ലാണ് എഡ്മണ്‍ഡണിൽ സ്ട്രീറ്റ് കാർ അഥവാ ട്രാം സർവീസ് തുടങ്ങിയത്. എഡ്മണ്‍ഡണിന്റെ ജീവനാഡിയായി, നഗരവാസികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി വിശ്രമമില്ലാതെയുള്ള ഓട്ടം 1951 വരെ തുടർന്നു. പിന്നെ, ചുറുചുറുക്കോടെ പാഞ്ഞു പോകുന്ന പുതുതലമുറക്കായി വഴിയൊഴിഞ്ഞു കൊടുത്തു.... അവരാകട്ടെ,  ഈ പാർക്കിൽ ഒരു വിശ്രമസ്ഥലമൊരുക്കി   ട്രാം മുത്തശ്ശിയെ നന്നായി പരിപാലിക്കുന്നു, അഭിമാനത്തോടെ ഭാവിതലമുറയെ പരിചയപ്പെടുത്തുന്നു....
street cars & barn

LRT - the new generation tram

പാതക്കപ്പുറത്തു കാണുന്നതാണ് മെലൻ ഫാം. ഈ പാർക്കിരിക്കുന്ന സ്ഥലം മെല്ലൻ കുടുംബത്തിന്റെ സ്വത്തായിരുന്നു. അവരത് പാർക്കിനു വേണ്ടി വിട്ടു കൊടുത്തതാണ്, ഒപ്പം അവിടെയുണ്ടായിരുന്ന അവരുടെ ഫാം ഹൗസും കളപ്പുരയും... 1922 ൽ പണി കഴിപ്പിച്ചതാണ്‌ ഈ ഫാം ഹൗസ്... 
Mellon farm house & barn
പിന്നെ കണ്ടത്, അന്നത്തെ ആധുനിക മാതൃകയിൽ പണി കഴിപ്പിച്ച ടെലിഫോണ്‍ കേന്ദ്രത്തിന്റെ പകർപ്പായിരുന്നു. പൊതുജനത്തിനുള്ള പബ്ലിക് ബൂത്തും സ്വിച്ച്ബോർഡ് മേഖലയും കാര്യനിർവഹണ പ്രവർത്തിസ്ഥലവും എല്ലാം ഈ കെട്ടിടത്തിൽ തന്നെയായിരുന്നു. അതൊക്കെ അതേ പോലെ തന്നെ ഇവിടെയും പുനരാവിഷ്ക്കരിച്ചിരിക്കുന്നു.
Telephone exchange
അവിടുന്നിറങ്ങി മുന്നോട്ടു നടന്നപ്പോഴാണ് വീഥിക്കപ്പുറത്തു നിന്നും ഒന്നാം ലോകയുദ്ധത്തിൽ കണ്ണിനു പരിക്കേറ്റ സൈനികന്റെ കൈ പിടിച്ചു ഈ മാലാഖ വന്നത്. പിന്നെ, അദ്ദേഹത്തിന് എങ്ങിനെ പരിക്കുണ്ടായി എന്നും അവരുടെ ശുശ്രൂഷയും എല്ലാം വിശദീകരിച്ചു. ഫ്ലോറൻസ് നൈറ്റിൻഗേലിനെ അനുസ്മരിച്ച് അവിടെ കൂടിയിരുന്നവർ  അവരെ അനുമോദിച്ചപ്പോൾ  താനതിനർഹയല്ലെന്നും ഇത് താൽക്കാലിക വേഷമാണെന്നും  അവർ പറഞ്ഞത് വളരെ വിനയത്തോടെയായിരുന്നു....
Nurse& army man
ഈ പാർക്കിന്റെ മറ്റേയറ്റത്ത് എത്തിയപ്പോൾ, ആദ്യം കണ്ട മിഡ് വേ പാർക്ക് തൊട്ടടുത്ത് ...! 
Midway 
പാർക്കിൽ നിന്നുള്ള അവസാനത്തെ തീവണ്ടി പിടിക്കാൻ ധൃതിയിൽ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ഈ പൈതൃകങ്ങൾ വരുംതലമുറക്കായി സൂക്ഷിക്കാൻ സന്മനസ്സു തോന്നിയവരോടുള്ള നന്ദി മനസ്സിൽ നിറഞ്ഞു.... 
Downtown
എഡ്മണ്‍ഡണ്‍ കൂടുതൽ മനോഹരിയും സ്വയംപര്യാപ്തയുമായി തന്റെ ജൈത്രയാത്ര തുടരുകയാണ്...  വർഷങ്ങൾക്കുശേഷം ഇപ്പോൾ നമ്മൾ കാണുന്ന നഗരവും ഈ പാർക്കിൽ സ്ഥാനം പിടിക്കും. അങ്ങനെ വരുംതലമുറകൾ എഡ്മണ്‍ഡണിന്റെ  വഴിത്താരകളെ അറിയുകയും അവരുടെ സംഭാവനകൾ കൂട്ടിച്ചേർക്കുകയും ചെയ്യും....  

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (മൂന്നാം ഭാഗം)

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക്(രണ്ടാം ഭാഗം)  

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക്(ഒന്നാം ഭാഗം)

Sunday, October 5, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (മൂന്നാം ഭാഗം)

ഇനി നമുക്ക് അടുത്ത തെരുവിലേക്ക് പോകാം....?


1905 തെരുവാണത്. ഇവിടെ തെരുവിന്റെ കാലവും കോലവും ഒരുപാട് മാറുന്നു...

1905 തെരുവ് 
എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്, ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്.... ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു... കാൽഗറിയിൽ നിന്നും എഡ്മണ്‍ഡണിലേക്ക് തീവണ്ടി വന്നതും ഇക്കാലയളവിലാണ്. അതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നല്ല വർദ്ധനയുണ്ടായി.  ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയവയുമായി ഊർജ്ജസ്വലയായ ഒരു കൗമാരക്കാരിയെപ്പോലെ എഡ്മണ്‍ഡണ്‍ വളരുകയാണ്....

ഈ തെരുവിൽ ആദ്യം കണ്ടത്, ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത , ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാര കളപ്പുര എന്നതും കൂടിയാണ്. 1898 - ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 -ൽ അങ്ങിനെത്തന്നെ ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൌതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ...

ധാന്യപ്പുര 
കളപ്പുരക്കടുത്തായി ഫാം ഹൗസ്... വിശ്രമത്തിനും വിനോദത്തിനും ഈ വീട് ഉപയോഗിച്ചിരുന്നുവത്രേ.... 
Henderson's ഫാം ഹൌസ്‌ 

പെട്ടന്നുണ്ടായ കുടിയേറ്റക്കാരുടെ വർദ്ധന മൂലം ജനങ്ങൾക്ക് താമസിക്കാൻ വീടുകൾ പോരാതെ വന്നു. പൊരുതി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ചെത്തിയ ജനതയെ അതൊന്നും തളർത്തിയില്ല. അവർ, കൂടാരങ്ങളിൽ താമസിച്ചു. അങ്ങിനെയാണ് 'കൂടാരനഗരം' അഥവാ ടെന്റ് സിറ്റി രൂപം കൊള്ളുന്നത്‌. 
ടെന്റ് സിറ്റി 
ടെന്റ് സിറ്റിക്ക് പിന്നിലായി ടീ സ്റ്റാൾ, ഗിഫ്റ്റ് ഷോപ്പ്, ക്രോക്കറി എല്ലാം ചേർന്ന മിസ്റ്റർ. റീഡിന്റെ ചൈന ബസാർ... അതിന്റെ മുകൾനിലയായിരുന്നു ഡോക്ടറും എഞ്ചിനീയറും തയ്യൽക്കാരനും ഒക്കെ തങ്ങളുടെ പ്രവർത്തനശാലകളായി ഉപയോഗിച്ചിരുന്നത്. 
റീഡ്സ് ബസാർ 
ടൌണ്‍ ഹാൾ എന്നു വിളിച്ചിരുന്ന കെട്ടിടത്തിലായിരുന്നു അഗ്നിശമനസേനയും  പോലീസ് സ്റ്റേഷനും മുൻസിപ്പൽ ഓഫീസും മറ്റു ഓഫീസുകളും പ്രവർത്തിച്ചിരുന്നത്. 1893-ൽ പണിത ഈ കെട്ടിടം 1958-ൽ പൊളിച്ചു കളയേണ്ടി വന്നു. എങ്കിലും അതേ മാതൃകയിൽ തന്നെ പണിതതാണ് ഈ പാർക്കിലെ ടൌണ്‍ ഹാളും... അതിനാൽ, ഇങ്ങിനെയൊന്ന് ഇവിടെയുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നു...
ഫയർ സ്റ്റേഷൻ 
അവിടെ നിന്നും ഞങ്ങൾ പോയത്, പോസ്റ്റ്‌ ഓഫീസ് കെട്ടിടത്തിലേക്കാണ്. 1893-ലാണ് എഡ്മണ്‍ഡണിൽ ഈ കെട്ടിടം പോസ്റ്റ്‌ ഓഫീസിനായി പണി കഴിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ്, അതിന്റെ മുകൾനിലയിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു. താമസിയാതെ ഒരു വക്കീലോഫീസും.... 1981-ൽ ജീർണിച്ചു തകർന്ന കെട്ടിടത്തിന്റെ മാതൃകയാണ്‌ ഈ പാർക്കിൽ ...
പോസ്റ്റ്‌ ഓഫീസ് 

പട്ടണമായി വളരെ വേഗത്തിൽ വളരുന്നതിനാൽ എഡ്മണ്‍ഡണിന്റെ മുഖച്ഛായയും മാറുന്നു....  വിവിധങ്ങളായ ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയാവുന്നു.... തൊഴിൽ തേടുന്നവരെ സഹായിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിനോദത്തിനായുള്ള പെന്നി ആർക്കേഡ്, കുട്ടികൾക്കായി ഗ്രാൻഡ്‌ പാർക്ക്‌, ചെടികൾക്കായുള്ള ഗ്രീൻ ഹൗസ്, ബേക്കറികൾ , പള്ളികൾ .... അങ്ങിനെയങ്ങിനെ വീഥികൾക്കിരുവശവും കെട്ടിടങ്ങൾ ഉയർന്നു.... ഒരു ഒഡ്യാണം പോലെ ട്രാം സർവീസ് എഡ്മണ്‍ഡണിന്റെ പാർശ്വങ്ങളിലൂടെ ഒഴുകി നീങ്ങി....  
പെന്നി ആർക്കേഡ് 
അങ്ങിനെ  എഡ്മണ്‍ഡണ്‍ വളർച്ചയുടെ പടവുകൾ ഓടിക്കേറി 1905-ൽ പുതിയ സംസ്ഥാനമായ ആൽബർട്ടയുടെ തലസ്ഥാനമായി ... 
ഈ തെരുവ് അവസാനിക്കുന്നത്‌ ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ഓർമ്മക്കായി തീർത്ത 'മെമ്മോറിയൽ ഗാർഡൻസിലാണ്'.   
മെമ്മോറിയൽ ഗാർഡൻസ് 

Related Posts Plugin for WordPress, Blogger...

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP