ആൽബർട്ട കാഴ്ചകൾ - ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്ക് (മൂന്നാം ഭാഗം)
ഇനി നമുക്ക് അടുത്ത തെരുവിലേക്ക് പോകാം....?
ഈ തെരുവിൽ ആദ്യം കണ്ടത്, ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത , ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാര കളപ്പുര എന്നതും കൂടിയാണ്. 1898 - ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 -ൽ അങ്ങിനെത്തന്നെ ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൌതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ...
1905 തെരുവാണത്. ഇവിടെ തെരുവിന്റെ കാലവും കോലവും ഒരുപാട് മാറുന്നു...
1905 തെരുവ്
എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്, ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്.... ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു... കാൽഗറിയിൽ നിന്നും എഡ്മണ്‍ഡണിലേക്ക് തീവണ്ടി വന്നതും ഇക്കാലയളവിലാണ്. അതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നല്ല വർദ്ധനയുണ്ടായി. ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയവയുമായി ഊർജ്ജസ്വലയായ ഒരു കൗമാരക്കാരിയെപ്പോലെ എഡ്മണ്‍ഡണ്‍ വളരുകയാണ്....ഈ തെരുവിൽ ആദ്യം കണ്ടത്, ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത , ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാര കളപ്പുര എന്നതും കൂടിയാണ്. 1898 - ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 -ൽ അങ്ങിനെത്തന്നെ ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൌതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ...
ധാന്യപ്പുര
കളപ്പുരക്കടുത്തായി ഫാം ഹൗസ്... വിശ്രമത്തിനും വിനോദത്തിനും ഈ വീട് ഉപയോഗിച്ചിരുന്നുവത്രേ....
Henderson's ഫാം ഹൌസ്
പെട്ടന്നുണ്ടായ കുടിയേറ്റക്കാരുടെ വർദ്ധന മൂലം ജനങ്ങൾക്ക് താമസിക്കാൻ വീടുകൾ പോരാതെ വന്നു. പൊരുതി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ചെത്തിയ ജനതയെ അതൊന്നും തളർത്തിയില്ല. അവർ, കൂടാരങ്ങളിൽ താമസിച്ചു. അങ്ങിനെയാണ് 'കൂടാരനഗരം' അഥവാ ടെന്റ് സിറ്റി രൂപം കൊള്ളുന്നത്.
ടെന്റ് സിറ്റി
ടെന്റ് സിറ്റിക്ക് പിന്നിലായി ടീ സ്റ്റാൾ, ഗിഫ്റ്റ് ഷോപ്പ്, ക്രോക്കറി എല്ലാം ചേർന്ന മിസ്റ്റർ. റീഡിന്റെ ചൈന ബസാർ... അതിന്റെ മുകൾനിലയായിരുന്നു ഡോക്ടറും എഞ്ചിനീയറും തയ്യൽക്കാരനും ഒക്കെ തങ്ങളുടെ പ്രവർത്തനശാലകളായി ഉപയോഗിച്ചിരുന്നത്.
റീഡ്സ് ബസാർ
ടൌണ്‍ ഹാൾ എന്നു വിളിച്ചിരുന്ന കെട്ടിടത്തിലായിരുന്നു അഗ്നിശമനസേനയും പോലീസ് സ്റ്റേഷനും മുൻസിപ്പൽ ഓഫീസും മറ്റു ഓഫീസുകളും പ്രവർത്തിച്ചിരുന്നത്. 1893-ൽ പണിത ഈ കെട്ടിടം 1958-ൽ പൊളിച്ചു കളയേണ്ടി വന്നു. എങ്കിലും അതേ മാതൃകയിൽ തന്നെ പണിതതാണ് ഈ പാർക്കിലെ ടൌണ്‍ ഹാളും... അതിനാൽ, ഇങ്ങിനെയൊന്ന് ഇവിടെയുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നു...
ഫയർ സ്റ്റേഷൻ
അവിടെ നിന്നും ഞങ്ങൾ പോയത്, പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കാണ്. 1893-ലാണ് എഡ്മണ്‍ഡണിൽ ഈ കെട്ടിടം പോസ്റ്റ് ഓഫീസിനായി പണി കഴിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ്, അതിന്റെ മുകൾനിലയിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു. താമസിയാതെ ഒരു വക്കീലോഫീസും.... 1981-ൽ ജീർണിച്ചു തകർന്ന കെട്ടിടത്തിന്റെ മാതൃകയാണ് ഈ പാർക്കിൽ ...
പോസ്റ്റ് ഓഫീസ്
പട്ടണമായി വളരെ വേഗത്തിൽ വളരുന്നതിനാൽ എഡ്മണ്‍ഡണിന്റെ മുഖച്ഛായയും മാറുന്നു.... വിവിധങ്ങളായ ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയാവുന്നു.... തൊഴിൽ തേടുന്നവരെ സഹായിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിനോദത്തിനായുള്ള പെന്നി ആർക്കേഡ്, കുട്ടികൾക്കായി ഗ്രാൻഡ് പാർക്ക്, ചെടികൾക്കായുള്ള ഗ്രീൻ ഹൗസ്, ബേക്കറികൾ , പള്ളികൾ .... അങ്ങിനെയങ്ങിനെ വീഥികൾക്കിരുവശവും കെട്ടിടങ്ങൾ ഉയർന്നു.... ഒരു ഒഡ്യാണം പോലെ ട്രാം സർവീസ് എഡ്മണ്‍ഡണിന്റെ പാർശ്വങ്ങളിലൂടെ ഒഴുകി നീങ്ങി....
പെന്നി ആർക്കേഡ്
അങ്ങിനെ എഡ്മണ്‍ഡണ്‍ വളർച്ചയുടെ പടവുകൾ ഓടിക്കേറി 1905-ൽ പുതിയ സംസ്ഥാനമായ ആൽബർട്ടയുടെ തലസ്ഥാനമായി ...
ഈ തെരുവ് അവസാനിക്കുന്നത് ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ഓർമ്മക്കായി തീർത്ത 'മെമ്മോറിയൽ ഗാർഡൻസിലാണ്'.









