Saturday, September 13, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (ഒന്നാം ഭാഗം)

കാനഡയുടെ തെക്കൻ ഭൂപ്രദേശമായ  ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് , പടിഞ്ഞാറൻ പ്രദേശമായ ആൽബർട്ടയിൽ എത്തുമ്പോൾ ആകെയൊരു കണ്‍ഫ്യൂഷനിലായിരുന്നു. ഒരു സമയ ബോധവുമില്ലാത്ത പോലെ....! എങ്കിലും അടുത്ത ദിവസം തന്നെ സമയവുമായി പൊരുത്തപ്പെട്ടു...

ആൽബർട്ടയിലെ കാഴ്ചകൾ എന്തൊക്കെയാണ് എന്ന അന്വേഷണത്തിൽ ഒരു നീണ്ട ലിസ്റ്റ് തന്നെ കിട്ടി. അതിൽ നിന്നും അടുത്തുള്ള സ്ഥലങ്ങൾ ആദ്യം തിരഞ്ഞു പിടിച്ചു. അങ്ങിനെയാണ് ആദ്യ യാത്ര ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് എന്നു ചിന്തിച്ചത് .
പ്രവേശന കവാടം 
രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പാർക്ക് സമയം എന്ന് അവരുടെ സൈറ്റ് നോക്കി മോൾ പറഞ്ഞു. ഓ ..., പാർക്കിൽ എന്തോ കാണാനാ.... എന്ന സന്ദേഹത്തോടെ അവളെ നോക്കിയപ്പോൾ , എന്റെ മനസ് വായിച്ചിട്ടെന്ന പോലെ മോൾ പറഞ്ഞു, " ഇത് , സാധാരണ പാർക്കല്ല,  158 ഏക്കറിൽ പരന്നു കിടക്കുന്ന കാനഡയിലെ ഏറ്റവും വലിയ 'ലിവിംഗ് ഹിസ്റ്ററി മ്യൂസിയമാണ് ' പൂർവികർ എങ്ങിനെ ജീവിച്ചിരുന്നുവെന്ന് വായിച്ചറിവല്ലേ നമുക്കുള്ളൂ, ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിൽ നമുക്കത് അനുഭവിച്ചും അറിയാമത്രേ...!"

എങ്കിൽ ശരി, പോയി നോക്കാം....  വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് യാത്രക്കൊരുങ്ങിയത്.

നിറഞ്ഞ പച്ചപ്പിനുള്ളിലൂടെ നീണ്ടു പോകുന്ന ആളുകളുടെ ഒരു നിരയാണ് ആദ്യം കണ്ടത്. പാർക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റിനു വേണ്ടിയുള്ള നിരയായിരുന്നു... ഓ, പാർക്ക് മോശമല്ലെന്നു തോന്നുന്നുവെന്ന ആത്മഗതം കുറച്ചുറക്കെയായിപ്പോയെന്ന് മോൾ കണ്ണു മിഴിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്‌.

ടിക്കറ്റ് എടുത്ത് അകത്തു കേറിയപ്പോൾ , കണ്ണിൽപ്പെട്ടത് ചെറുപ്പത്തിൽ സിറ്റിയിൽ എക്സിബിഷൻ കാണാൻ പോകുമ്പോൾ കണ്ടിട്ടുള്ള അത്ഭുത ലോകം.... ഉയരത്തിൽ കറങ്ങുന്ന ചക്രവും ഊർന്നിറങ്ങി വരുന്ന നീണ്ട കോണിയും വട്ടത്തിൽ ചുറ്റുന്ന കുതിരയുമൊക്കെ  ....  !

1920 - ലെ മിഡ് വേ  പാർക്കിന്റെ ഒരു ചെറുപകർപ്പ് 
ബാല്യത്തിലേക്ക് ഒരു കുതിച്ചു ചാട്ടത്തിനൊരുങ്ങിയ എന്നെ മോൾ പിടിച്ചു നിർത്തിയത് , "ദാ ... ട്രെയിൻ വരണൂ .... " ന്ന് പറഞ്ഞാണ് .
യൂക്കോണ്‍ - പസിഫിക് സ്റ്റീം ട്രെയിൻ 
കോട്ടയിലേക്കുള്ള തീവണ്ടി കൂവിക്കൊണ്ട് സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. യാത്ര കഴിഞ്ഞെത്തിയവരുടെ മുഖങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന ആവേശം...! ഓരോ പതിനഞ്ചു മിനിട്ടിലും തീവണ്ടിയുണ്ട്. അവധി ദിവസങ്ങളിൽ നല്ല തിരക്കും ഉണ്ടാവും. 1900 കളിലെ വേഷം ധരിച്ച ഡ്രൈവറും സഹായികളും കൂടാതെ ഒരു മ്യൂസിക്‌ സംഘവും വണ്ടിയിൽ ഉണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിനു മുൻപേ തീവണ്ടിയുടെ ചരിത്രവും കോട്ടയുടെ ചരിത്രവുമെല്ലാം ഗൈഡ് വിശദീകരിച്ചു.
മരം കൊണ്ടുള്ള കോട്ടമതിൽ 
ഈ പാർക്കിൽ 'ഫർ ട്രേഡ് യുഗം' മുതൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മെട്രോ പോളിറ്റൻ സംസ്കാരം രൂപം കൊള്ളുന്നത്‌ വരെയുള്ള കാലഘട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. വേനൽക്കാലവും അവധിക്കാലവും ആയതിനാൽ പഴയകാല വസ്ത്രങ്ങളണിഞ്ഞും  അന്നത്തെ ജീവിത രീതികൾ അനുകരിച്ചും കോട്ടയിൽ ധാരാളം ആളുകൾ സന്നദ്ധസേവകരായിട്ടുണ്ട്.  തീവണ്ടി എത്തുമ്പോൾ കോട്ടവാതിൽക്കൽ വന്നു വിനോദ സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകും. മരം കൊണ്ടുള്ള കോട്ട മതിൽ ചുറ്റി ഇടുങ്ങിയ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ ഒരു കഷണം ഫർ ട്രേഡ് ചെയ്യാനായി ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിക്ക് കൊടുത്തു.
ഞങ്ങളുടെ ആതിഥേയ 
കോട്ടക്കുള്ളിൽ 1846 മുതൽ 1885 വരെയുള്ള കാലഘട്ടത്തെ പുനരാവിഷ്ക്കരിചിരിക്കുന്നു. 1915 ൽ  ജീർണിച്ചു ഇടിഞ്ഞു വീണ കോട്ടയുടെ പകർപ്പ് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ പാർക്കിൽ പുനരാവിഷ്ക്കരിക്കപ്പെട്ടത്‌. ഒരു നിമിഷം, നമ്മുടെ നാട്ടിലെ കാര്യം ഓർത്തു പോയി...! 
 കോട്ടക്കുള്ളിൽ.... 
1974 ലാണ് സന്ദർശകർക്കായി ഈ പാർക്കിലെ ഫോർട്ട്‌ എഡ്മണ്‍ഡണ്‍ തുറന്നു കൊടുത്തത്. തുടർന്ന്പണി കഴിയുന്നതനുസരിച്ച്  മറ്റു ഭാഗങ്ങളും .... 
 ഫർ ട്രേഡിംഗ്   
ഓരോ ഭാഗത്തെ കെട്ടിടങ്ങളിലും അവധിക്കാലത്തെ താൽക്കാലിക താമസക്കാരായ സന്നദ്ധസേവകരുണ്ട്.  ഇവർ അതാത് കെട്ടിടങ്ങളെപ്പറ്റിയും അന്നത്തെ ജീവിത രീതികളും രസകരമായി വിശദീകരിക്കുന്നത് ആ ജീവിതം ജീവിച്ചു കൊണ്ടാണ്.

  

25 comments:

ചന്തു നായർ September 13, 2014 at 8:00 AM  

നല്ല വിവരണം....നല്ല ഫോട്ടോകൾ ആശംസകൾ

Sudheer Das September 13, 2014 at 9:06 AM  

ഇത് തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നിരിക്കണം... ഒരു ടൈം മെഷീനിലൂടെ യാത്ര ചെയ്യുന്നതുപോലെ...

പട്ടേപ്പാടം റാംജി September 13, 2014 at 9:19 AM  

അപ്പോള്‍ കുഞ്ഞൂസും യാത്രാവിവരണത്തിന്റെ പാതയിലേക്ക് കാലെടുത്തു വെക്കുന്നു എന്ന് കരുതാം അല്ലെ?
ചെറിയ വിവരണവും മനോഹരമായ ചിത്രങ്ങളും.

ajith September 13, 2014 at 9:24 AM  

കഴിഞ്ഞ പോസ്റ്റില്‍ കുറെ പടംസ് മാത്രമിട്ടപ്പോള്‍ മടിച്ചിയെന്ന് വിളിച്ചത് തിരിച്ചെടുത്തിരിക്കുന്നു. പായസത്തിന് നെയ്യല്പം കൂടിയാലും യാത്രാവിവരണത്തിന് വിവരണം അല്പം കൂടിയാലും കുഴപ്പമില്ല കേട്ടോ കുഞ്ഞൂ!

Unknown September 13, 2014 at 8:24 PM  

മനോഹരമായി
ഇനിയും ഉണ്ടാകുമല്ലോ അവിടത്തെ കാഴചകൾ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

RAJESH.R September 14, 2014 at 1:47 AM  

valare nannayittundu, chithrangal athimanoharam.

Unknown September 14, 2014 at 2:21 AM  

മനോഹരമായ വിവരണവും ഫോട്ടോകളും. എഡ്മന്റന്‍ പാര്‍ക്ക് കണ്ട പ്രതീതി... നന്ദി കുഞ്ഞൂസ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com September 14, 2014 at 4:59 AM  

പാവങ്ങളെ കൊതിപ്പിക്കാനും അസൂയ പെരുപ്പിക്കാനുമായി ഈയിടെ കുറെ ബ്ലോഗര്‍മാര്‍ ഇറങ്ങീട്ടുണ്ട് :)

മാണിക്യം September 14, 2014 at 10:15 AM  

മതി കറങ്ങിയത്. വേഗം തിരിച്ചു വരൂ.... മിസ്സ്‌ യൂ കുഞ്ഞുസ്‌ ....

© Mubi September 15, 2014 at 10:46 AM  

എനിക്ക് ഇത് വായിച്ച് മതിയായില്ല, ചേച്ചി വേഗം വാ, എനിക്ക് വിശേഷങ്ങൾ കഥയായിട്ട് കേട്ടാ മതി....

വിനുവേട്ടന്‍ September 15, 2014 at 11:13 AM  

നമ്മുടെ കുറുമ്പടി തണലിന്റെ കമന്റിന് താഴെ ഞാനും ഒരു ഒപ്പ് വയ്ക്കുന്നു... അല്ലാതെന്ത് പറയാനാ... :)

പ്രവീണ്‍ ശേഖര്‍ September 16, 2014 at 7:06 AM  


എന്നെങ്കിലും ഈ വഴിയൊക്കെ സഞ്ചരിക്കാനാകുമോ എന്തോ ..ഒരു ആത്മഗതം .. ഹി ഹി .. നല്ല വിവരണം ചേച്ചീ ..ഫോട്ടോസ് കുറച്ചു കൂടി ആകാമായിരുന്നു ..

Unknown September 16, 2014 at 7:36 AM  

nannayirikkunnu chechikuttty....ettavum ishtapettathu dee trayil varunnu ennu parayunnathum thazhe aa photo kudithathum anu....

parayan marannathu September 16, 2014 at 9:01 AM  

സ്വപ്നത്തിൽ സഞ്ചരിക്കുന്ന പോലെ .കാത്തിരിക്കുന്നു ക്യാമറ ഇനിയും കണ്‍ മിഴിക്കാനായി.

വിജയലക്ഷ്മി September 17, 2014 at 1:29 AM  

മോളെ ക്യാമറ കണ്ണുകള്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ...നല്ല ഫോട്ടോസും വിവരണവും ..ഇനിയും പ്രതീക്ഷയോടെ ...

ഞാനും ഇപ്പരിപാടി മുന്നേ
തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ ശാരീരികമായ അസ്വസ്ഥതകാരണം മടിപിടിച്ചിരിക്കുകയാണ് ..പോകുന്നിടത്തെല്ലാം ദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തല്‍ എന്‍റെ ഹോബിയാണ്..അങ്ങിനെ ഒത്തിരി ഫോട്ടോസ് സ്റ്റോക്കുണ്ട്..ഇനിയും എഴുതണം പോസ്റ്റ്‌ ചെയ്യണം ..

ജിമ്മി ജോൺ September 18, 2014 at 2:21 AM  

ആ‍ഹാ, കൊള്ളാല്ലോ ഈ ആൽബർട്ട കാഴ്ചകൾ!!

അരുൺ September 21, 2014 at 12:02 AM  

രണ്ട് ഭാഗവും ഇപ്പോഴാണ് വായിച്ചത്. പൂർവികരുടെ ജീവിതസാഹചര്യങ്ങൾ അതേപടി നിലനിർതിയിരിക്കുന്ന മ്യൂണിക്കിലെ മ്യൂസിയങ്ങളെപ്പറ്റി ചിലയിടത്ത് വായിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റൊന്ന്.

നമ്മുടെ കാര്യം തികച്ചും വേറിട്ടതാണ്. ഒരു കൂട്ടം ജനങ്ങൾ ജീവിക്കുന്ന ഫോസിലുകളെന്ന പോലെ പൂർവികർ ജീവിച്ച അതേ അവസ്ഥയിൽ ഇപ്പോഴും ജീവിക്കുന്നു. മറ്റൊരു കൂട്ടമാവട്ടെ, നടന്നുവന്ന കാല്പാടുകൾ പറ്റേ മായ്ച്ചുകളയുന്നു. എന്നാൽ ഇതിനിടയിൽ ടൂറിസം രംഗത്തെ വികസനത്തിനായി നാം പ്രകൃതിയെയല്ലാതെ ശരിയായ ജീവിതത്തെ ഉപയോഗിക്കുന്നില്ലതാനും :)

ente lokam September 22, 2014 at 9:01 AM  

വായിച്ചു..ഇഷ്ടം ആയി ..ഏതു
രാജ്യത്തും പുതിയ കാഴ്ച്ചകളെക്കാൾ
നാം കാണേണ്ടവ ചരിത്രത്തിന്റെ
കാഴ്ച്ചകൾ ആണ്..അവയാണ് നമ്മെ
അറിവുള്ളവർ ആക്കുന്നത്

ശ്രീ September 22, 2014 at 9:11 PM  

ഇപ്പഴാണ് കാണുന്നത്.. ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്

Harinath September 28, 2014 at 10:08 AM  

Very Good :)
മനോഹരമായ ചിത്രങ്ങളും വിവരണങ്ങളും. വിവരണങ്ങൾ അല്പം കൂടി ആവാം. നന്നായിരിക്കുന്നു.

അക്ഷരപകര്‍ച്ചകള്‍. October 25, 2014 at 4:48 AM  

ഭംഗിയുള്ള കോട്ട. മരം കൊണ്ടുള്ള നിർമ്മിതികൾ എനിയ്ക്കെന്നും ഇഷ്ടം. ആ കോട്ട മതിലും സുന്ദരം. നല്ല യാത്രയുടെ ആദ്യ ഭാഗം വൈകി വായിക്കേണ്ടി വന്നു കുഞ്ഞൂസ്. ബ്ലോഗ്സഞ്ചാരം കുറഞ്ഞു പോയിരുന്നു എനിയ്ക്ക്. ഇനി വരാം ഇടയ്ക്കിടെ കേട്ടോ.

Akbar October 29, 2014 at 3:56 AM  

കാണാത്ത, കാണാൻ ഇടയില്ലാത്ത ഭൂമിയിലെ മറ്റൊരു കോണിലെ ഈ കാഴ്ചകൾ കാണിച്ചു തന്നതിൽ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം November 12, 2014 at 6:11 AM  

ഈ കുഞ്ഞൂസും ,മുബിയുമൊക്കെ കൂടി എന്നെ ഇനി കൊതിപ്പിച്ച് കൊതിപ്പിച്ച് കാനഡയിലേക്ക് പറത്തുമെന്നാണ് തോന്നുന്നത്...!

kochumol(കുങ്കുമം) November 12, 2014 at 10:27 PM  

യാത്രാവിവരണം നന്നായിട്ടുണ്ട് . മനോഹരമായ ചിത്രങ്ങളും കുറെ ദിവസങ്ങളായി വായിക്കണമെന്ന് കരുതിയിട്ടു ഇന്നാണ് സാധിച്ചത് ..ബാക്കിയും കൂടി വായിച്ചിട്ട് വരട്ട്

Cherry October 25, 2015 at 5:56 PM  

കൂടുതൽ വിവരണവും, അവിടെ എത്താനുള്ള മാർഗവും പ്രതീക്ഷിക്കുന്നു

Related Posts Plugin for WordPress, Blogger...

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP