Tuesday, June 16, 2015

വെസ്റ്റ് എഡ്മണ്‍ഡണ്‍ മാൾ

ഉത്തരയമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കേന്ദ്രമായ വെസ്റ്റ് എഡ്മണ്‍ഡണ്‍ മാളിലേക്കാണ് ഇത്തവണത്തെ ഞങ്ങളുടെ യാത്ര. 2004 വരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാൾ ആയിരുന്നു വെസ്റ്റ് എഡ്മണ്‍ഡണ്‍.ഗിന്നസ് ലോക റെക്കോർഡിലും സ്ഥാനം പിടിച്ചിരുന്ന ആ കസേര  പിന്നീട് ദുബായ് കൊണ്ടുപോയി.

ഗൂഗിളിൽ നിന്നും... 


ഇന്ന് ലോകത്തെവിടെയും കാണപ്പെടുന്ന അനേകം മാളുകളിൽ നിന്നും  വലിയ വ്യത്യാസം ഒന്നുമില്ലെങ്കിലും ഇപ്പോഴും പലതിലും ലോകത്തിലെ ഒന്നാം സ്ഥാനം കക്ഷിക്ക് തന്നെ... 

അഞ്ച് ഏക്കറിൽ നിറഞ്ഞു കവിയുന്ന ലോകത്തിലെ ഏറ്റവും വലിയ വേവ്പൂൾ ... കടലിലെന്ന പോലെ തിരയടിച്ചു കേറി വരുന്ന കാഴ്ച , ആർപ്പുവിളികളോടെയാണ് ജനം സ്വീകരിക്കുന്നത്. അതിൽ മുങ്ങിയൊഴുകാൻ ആബാലവൃദ്ധം ഒന്നാകെയുണ്ട് അവിടെ... !


നാലു ലക്ഷം ചതുരശ്രയടിയിൽ ഇരുപത്തഞ്ചു റൈഡുകളുമായി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ  വിനോദകേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ട്രിപ്പിൾ റോളർ കോസ്റ്ററും ഇതിനുള്ളിൽ ഉണ്ട്. കൊളംബസ്  തന്റെ ആദ്യ നാവികപര്യടനത്തിൽ ഉപയോഗിച്ച മൂന്നു കപ്പലുകളിൽ ഏറ്റവും വലുതായ 'സാന്താ മരിയ'യുടെ അതേ വലിപ്പത്തിലുള്ള ഒരു പകർപ്പ് ഈ മാളിലെ ഇടുങ്ങിയ ജലാശയത്തിൽ വിശ്രമിക്കുന്നുണ്ട്. 




ഈ മാൾ ചില്ലറക്കാരനൊന്നുമല്ലെന്ന് കുറെ കണക്കുകൾ നിരത്തി വെച്ച് പറയുന്നുണ്ട്. അമ്പത്തിയെട്ട് പ്രവേശന കവാടങ്ങളുള്ള ഈ മാളിനാണത്രെ ലോകത്തിൽ ഏറ്റവും വലിയ പാർക്കിംഗ് ലോട്ടുള്ളത്.26 സിനിമാശാലകൾ, 110 ഭക്ഷണ ശാലകൾ, മൂന്ന് പ്രമേയാധിഷ്ടിത തെരുവുകൾ ഇതൊക്കെ ഇതിനുള്ളിൽ തന്നെ.... കൂടാതെ ഫാന്റസി പ്രമേയാധിഷ്ടിതമായ 120 മുറികളുള്ള 'ഫാന്റസി ഹോട്ടലും' ഇതിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അമ്പമ്പോ ..., കണക്കുകൾ കേട്ടു തലചുറ്റുന്നു... ! എന്നിട്ടും മാൾ മുഴുവനായും കാണാനൊത്തില്ല എന്നതാണ് വാസ്തവം. 




ഇതിലെ യൂറോപ്പ് സ്ട്രീറ്റിൽ ഫാഷന്റെ പകിട്ടാണെങ്കിൽ ചൈന ടൌണ്‍ തനിമ നിലനിർത്തുന്ന മാർക്കറ്റാണ്. ബോർബോണ്‍ സ്ട്രീറ്റാവട്ടെ നിശാജീവിതവും ഭക്ഷണശാലകളും കൊണ്ട് ശബ്ദമുഖരിതവും... എല്ലായിടത്തും ഉത്സാഹഭരിതരായ ജനം ചുറ്റിക്കറങ്ങുന്നു.... 

ഇവിടുത്തെ അമ്യൂസ്മെന്റ് പാർക്കിന് 'ഫാന്റസിലാൻഡ്‌' എന്നൊക്കെ പേരിട്ടതിന്റെ പേരിൽ 'വാൾട്ട് ഡിസ്നി'യുമായി കേസൊക്കെ നടത്തിയിട്ടുണ്ട് ഈ മാൾ. പിന്നെയാണ് 'ഗാലക്സിലാൻഡ്‌' എന്നു പേരു മാറ്റിയതത്രേ.




ഒരിക്കൽ ഒരു റോളർകോസ്റ്റർ പൊട്ടിവീണ് മൂന്നു പേർ മരണപ്പെട്ട ദാരുണസംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ കുറെനാൾ ജനങ്ങൾ അകന്നു നിന്നെങ്കിലും താമസിയാതെ തന്നെ അവരൊക്കെ തിരിച്ചെത്തിയത്‌ വെസ്റ്റ് എഡ്മണ്‍ഡണ്‍ മാളിന് ജനങ്ങളുടെ മനസിലുള്ള സ്ഥാനം കൊണ്ടാണ്, അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നതു കൊണ്ടാണ് എന്നൊക്കെ ഇവിടെ എഴുതി വച്ചിട്ടുണ്ട്....        





Related Posts Plugin for WordPress, Blogger...

എന്നെക്കുറിച്ച്

My photo
കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു കുഞ്ഞു ശ്രമം!

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP