വാരണപ്പള്ളി ക്ഷേത്രം - ചില അനുബന്ധ കഥകള്‍
ശ്രീ നാരായണഗുരുദേവന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ വാരണപ്പള്ളി തറവാടും ക്ഷേത്രവും കായംകുളം പുതുപ്പള്ളി ദേശത്ത് സ്ഥിതി ചെയ്യുന്നു. ഏതാണ്ട് നാനൂറിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു ഈ തറവാട്. കായംകുളം രാജാവിന്റെ സേനാനായകരില്‍ പ്രധാനിയായിരുന്ന പടവെട്ടും പത്തിനാഥപ്പണിക്കര്‍ വാരണപ്പള്ളി കുടുംബാംഗമാണ്.
1878 കാലയളവില്‍ കുമ്മംപള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ വിദ്യ അഭ്യസിക്കുന്നതിനായി വന്ന ശ്രീനാരായണഗുരു താമസിച്ചിരുന്നത് ഇവിടെയാണ്. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലവും അദ്ദേഹം നട്ട വരിക്കപ്ലാവും ഇന്നും ഇവിടെ കാണാന്‍ കഴിയും.
ഉച്ചനീചത്വം കൊടികുത്തിവാണ കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിനെതിരെ തുഴഞ്ഞു വിജ്ഞാനോര്ജ്ജം സംഭരിച്ച കുടുംബമാണ് വാരണപ്പള്ളി. അന്നത്തെയും ഇന്നത്തെയും സാമൂഹികജീവിതത്തില്‍ നിര്‍ണായക ശക്തിയാണീ കുടുംബം. പുനരുദ്ധാരണം നടത്തിയ കുടുംബക്ഷേത്രമാണ് ചുവടെ.
ശ്രീനാരായണഗുരു താമസിച്ചിരുന്ന വടക്കേക്കെട്ട്....
ധാരാളം തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു. ഒരിക്കല്‍ കായംകുളം കൊച്ചുണ്ണി,തന്റെ കൌശലം പ്രയോഗിച്ച അറവാതിലും ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് കൌതുകം പകരുന്നു.
ആ കഥ ഇങ്ങനെയാണ്, കൊള്ളക്കാരനാണെങ്കിലും നല്ലവനായിരുന്ന കൊച്ചുണ്ണി, വാരണപ്പള്ളിയിലെ അന്നത്തെ കാരണവരുടെ സുഹൃത്തു കൂടിയായിരുന്നു. മുകളില്‍ കാണുന്ന അറ പണിതു കൊണ്ടിരിക്കുന്ന സമയത്ത്, അതുവഴി വരാനിടയായ കൊച്ചുണ്ണി, എന്തിനാണ് ഇതൊക്കെ എന്നു ചോദിച്ചതിനു, തന്നെപ്പോലുള്ള കള്ളന്മാരെ ഭയന്നാണ് എന്നു കാരണവര്‍ തമാശരൂപത്തില്‍ മറുപടി പറഞ്ഞു. തനിക്കു വാരണപ്പള്ളിയില്‍ നിന്നും ഒന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും കൈയിലിരുന്ന ചുണ്ണാമ്പുപയോഗിച്ച് കതകില്‍ ഒരു വൃത്തം വരച്ചു വച്ചു. അന്നു രാത്രിയില്‍ തന്നെ കൊച്ചുണ്ണി അവിടെ ഒരു ദ്വാരം ഉണ്ടാക്കി കതകു തുറന്നു അകത്തു കയറുകയും പണ്ടങ്ങളും മറ്റും എടുക്കുകയും ചെയ്തു. എന്നിട്ട് കാരണവരെ വിളിച്ചുണര്‍ത്തി, ആ പണ്ടങ്ങളൊക്കെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി കൌശലം ഉപയോഗിച്ചു കതകില്‍ ഉണ്ടാക്കിയ ദ്വാരം അവിടെ ഇപ്പോഴും ഉണ്ട്.
.jpg)
ഈ ചിത്രത്തില്‍ ഒന്നുകൂടി വ്യക്തമായി കാണാം.
ശിവഗിരിക്ക് പോകുന്ന തീര്‍ഥാടകര്‍ ആദ്യം വാരണപ്പള്ളിയില്‍ സന്ദര്‍ശനം നടത്തുകയാണ് പതിവ്.