Monday, October 13, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (അവസാന ഭാഗം)

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഈ പാർക്കിലെ അവസാന തെരുവായ  1920 സ്ട്രീറ്റിലാണ് ...!

ആധുനികതയുടെ കടന്നു വരവ് എഡ്മണ്‍ഡണിനെ ആകെ മാറ്റിമറിച്ചു. മോട്ടോർ വാഹനങ്ങൾ നിരത്തുകളിൽ നിറഞ്ഞു. ഇക്കാലത്താണ് കാനഡയുടെ ആദ്യത്തെ മുൻസിപ്പൽ വ്യോമതാവളം എഡ്മണ്‍ഡണിൽ നിർമിക്കപ്പെട്ടത്...  വിമാനങ്ങൾ സൂക്ഷിക്കാനുള്ള കൂടാരത്തിന്റെയും വിമാനത്തിന്റെയും  ഒരു ചെറുപകർപ്പ്  ഇവിടെ ഈ പാർക്കിൽ ഉണ്ട് .
വ്യോമയാന താവളം 
Replica of Avro -avian biplane 
കാപ്പിറ്റോൾ തിയ്യറ്ററാണ് ഈ തെരുവിലെ മറ്റൊരാകർഷണം . 1929-ൽ ഉദയം കൊണ്ട പ്രദർശനശാലയുടെ   തനിപ്പകർപ്പാണിതെങ്കിലും ആധുനിക നിർമാണ രീതികളും ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലെ ഇതിന്റെ നിർമിതിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഴയതിനേക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇവിടെ സിനിമയും നാടകവും പ്രദർശിപ്പിക്കുന്നുണ്ട്.  സമയക്കുറവു മൂലം പ്രദർശനം കാണാൻ നിന്നില്ല.
കാപ്പിറ്റോൾ പ്രദർശനശാല  

ഈ തെരുവിൽ കാപ്പിറ്റോൾ തിയ്യേറ്ററിന് എതിർവശത്തായിട്ടാണ് മരുന്നുകടയും മധുരപലഹാരക്കടയും സ്ഥിതി ചെയ്യുന്നത്. പൂർവ കാലത്തിലും ഇവ ഒരുമിച്ചു തന്നെയായിരുന്നു, ഒരേ കെട്ടിടത്തിൽ തന്നെയായിരുന്നു. പ്രവർത്തനമാരംഭിച്ചതും ഒരേ കാലത്തു തന്നെ... 1922 -ൽ . 1967 ൽ ജീർണത കാരണം പൊളിച്ചു കളയേണ്ടി വന്നുവെങ്കിലും അതേ മാതൃകയിൽ തന്നെയാണ് ഈ പാർക്കിൽ പുനർനിർമിക്കപ്പെട്ടിരിക്കുന്നത്. രുചിയും അന്നത്തെ കാലത്തേത് തന്നെയായിരിക്കാൻ വേണ്ടി അതേ ചേരുവകളും പാചകരീതികളും പിന്തുടരുന്നുവെന്ന് അറിഞ്ഞതിനാൽ ഒരു വെണ്ണ ബിസ്ക്കറ്റ് വാങ്ങിക്കഴിച്ചു.... ബാല്യത്തിലെങ്ങോ പറഞ്ഞു കേട്ട നാവിലലിയുന്ന ബിസ്ക്കറ്റ് ...! :) പെട്ടന്ന് അമ്മയമ്മൂമ്മമാരെ ഓർത്തു പോയി, അവരാരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ, ആ രുചി ഒരിക്കൽ കൂടി അവർക്കു നൽകാമായിരുന്നുവല്ലോ  ...!
 മരുന്നുകടയും പലഹാരക്കടയും ....
നഗരം വളർന്നു തുടങ്ങിയപ്പോൾ എഡ്മണ്‍ഡണ്‍ മറ്റു മേഖലകളിലേക്കും ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് മിനി ഗോൾഫ് കോഴ്സുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി ആരംഭിച്ചത്. അന്നത്തെ ഒരു മിനി ഗോൾഫ് കോഴ്സ് ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലും പുനരാവിഷ്ക്കരിച്ചിരിക്കുന്നു.....    
മിനി ഗോൾഫ് കോഴ്സ് 
കാനഡയിലെ ആദ്യത്തെ മോസ്ക് പിറവി കൊണ്ടതും  എഡ്മണ്‍ണിലാണ്, 1938ൽ ... അന്ന് ഏതാണ്ട് എഴുന്നൂറോളം അംഗങ്ങളുണ്ടായിരുന്ന മുസ്ലിമുകൾക്കു വേണ്ടി ഹിൽവി ( Hilwi Hamdon) എന്ന മഹതിയാണ് അന്നത്തെ മേയറോട് ആരാധനാലയത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാ മതസ്ഥരുടേയും സഹകരണത്തോടെ  നിർമിക്കപ്പെട്ട ഈ ദേവാലയത്തിനുള്ളിൽ ഇരിക്കുമ്പോൾ, മതസൗഹർദ്ദവും സഹിഷ്ണുതയും നഷ്ടപ്പെട്ട ഇന്നത്തെ   ലോകത്തെക്കുറിച്ചായിരുന്നു ആകുലത മുഴുവൻ.... ! മുസ്ലിം സമൂഹം വളരുകയും പഴയ ദേവാലയം അപര്യാപ്തമാവുകയും ചെയ്തപ്പോൾ മറ്റൊരിടത്ത് പുതിയതൊന്ന് പണി കഴിപ്പിച്ചു. അങ്ങിനെയാണ് ചരിത്രത്തിന്റെ ഭാഗമായ പഴയ  ആരാധനാലയം ഈ പാർക്കിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.
Al - Rashid Mosuqe

ഈ പാർക്കിലെ മറ്റൊരു പ്രധാന ആകർഷണമാണ്‌ മോട്ടോർഡോം. പഴയതും പുതിയതുമായ മോട്ടോർ വാഹനങ്ങളുടെ വില്പനക്കും സൂക്ഷിച്ചു വെക്കലിനും കേടുപാടുകൾ പോക്കലിനുമൊക്കെയായിട്ടാണ് 1919ൽ ഈ സ്ഥാപനം ആരംഭിച്ചത്. ഈ പാർക്കിലെ 1920 തെരുവിൽ അന്നത്തെ വാഹനങ്ങളുടെ പ്രദർശനവും ആവശ്യപ്പെടുന്നവർക്ക് സവാരിയും ഏർപ്പെടുത്തിയിരിക്കുന്നു. ഓടിനടന്നാൽ പോലും ഈ പാർക്കു മുഴുവൻ കണ്ടു തീരാൻ ഒരു ദിവസം പോരാ ... ചിത്രത്തിൽ കാണുന്ന മോട്ടോർ സൈക്കിൾ പിന്നേം പിന്നേം ഒരു സവാരിക്കായി മോഹിപ്പിക്കുണ്ടായിരുന്നു, എന്നിട്ടും ഒത്തിരി നേരം കാത്തു നിൽക്കേണ്ടി വരുമെന്നതിനാൽ മനസില്ലാമനസോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.....
Motordome

ദാ , നോക്കൂ... സ്ട്രീറ്റ് കാറല്ലേ അത്...? നമുക്കൊന്ന് ചുറ്റിടയിച്ചു വന്നാലോ... ഈ തെരുവിനെ ചുറ്റി ഒരു കിലോമീറ്റർ ദൂരത്തിൽ ഒരു സവാരിയാവാം. നമ്മൾ മുൻപ് കണ്ട പല കാഴ്ചകളും ഒന്നുകൂടി കാണാം, ഒപ്പം നടന്നു തളർന്ന കാലുകൾക്ക് ഒരു വിശ്രമവുമാകും ഈ യാത്ര.... 1908 - ലാണ് എഡ്മണ്‍ഡണിൽ സ്ട്രീറ്റ് കാർ അഥവാ ട്രാം സർവീസ് തുടങ്ങിയത്. എഡ്മണ്‍ഡണിന്റെ ജീവനാഡിയായി, നഗരവാസികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി വിശ്രമമില്ലാതെയുള്ള ഓട്ടം 1951 വരെ തുടർന്നു. പിന്നെ, ചുറുചുറുക്കോടെ പാഞ്ഞു പോകുന്ന പുതുതലമുറക്കായി വഴിയൊഴിഞ്ഞു കൊടുത്തു.... അവരാകട്ടെ,  ഈ പാർക്കിൽ ഒരു വിശ്രമസ്ഥലമൊരുക്കി   ട്രാം മുത്തശ്ശിയെ നന്നായി പരിപാലിക്കുന്നു, അഭിമാനത്തോടെ ഭാവിതലമുറയെ പരിചയപ്പെടുത്തുന്നു....
street cars & barn

LRT - the new generation tram

പാതക്കപ്പുറത്തു കാണുന്നതാണ് മെലൻ ഫാം. ഈ പാർക്കിരിക്കുന്ന സ്ഥലം മെല്ലൻ കുടുംബത്തിന്റെ സ്വത്തായിരുന്നു. അവരത് പാർക്കിനു വേണ്ടി വിട്ടു കൊടുത്തതാണ്, ഒപ്പം അവിടെയുണ്ടായിരുന്ന അവരുടെ ഫാം ഹൗസും കളപ്പുരയും... 1922 ൽ പണി കഴിപ്പിച്ചതാണ്‌ ഈ ഫാം ഹൗസ്... 
Mellon farm house & barn
പിന്നെ കണ്ടത്, അന്നത്തെ ആധുനിക മാതൃകയിൽ പണി കഴിപ്പിച്ച ടെലിഫോണ്‍ കേന്ദ്രത്തിന്റെ പകർപ്പായിരുന്നു. പൊതുജനത്തിനുള്ള പബ്ലിക് ബൂത്തും സ്വിച്ച്ബോർഡ് മേഖലയും കാര്യനിർവഹണ പ്രവർത്തിസ്ഥലവും എല്ലാം ഈ കെട്ടിടത്തിൽ തന്നെയായിരുന്നു. അതൊക്കെ അതേ പോലെ തന്നെ ഇവിടെയും പുനരാവിഷ്ക്കരിച്ചിരിക്കുന്നു.
Telephone exchange
അവിടുന്നിറങ്ങി മുന്നോട്ടു നടന്നപ്പോഴാണ് വീഥിക്കപ്പുറത്തു നിന്നും ഒന്നാം ലോകയുദ്ധത്തിൽ കണ്ണിനു പരിക്കേറ്റ സൈനികന്റെ കൈ പിടിച്ചു ഈ മാലാഖ വന്നത്. പിന്നെ, അദ്ദേഹത്തിന് എങ്ങിനെ പരിക്കുണ്ടായി എന്നും അവരുടെ ശുശ്രൂഷയും എല്ലാം വിശദീകരിച്ചു. ഫ്ലോറൻസ് നൈറ്റിൻഗേലിനെ അനുസ്മരിച്ച് അവിടെ കൂടിയിരുന്നവർ  അവരെ അനുമോദിച്ചപ്പോൾ  താനതിനർഹയല്ലെന്നും ഇത് താൽക്കാലിക വേഷമാണെന്നും  അവർ പറഞ്ഞത് വളരെ വിനയത്തോടെയായിരുന്നു....
Nurse& army man
ഈ പാർക്കിന്റെ മറ്റേയറ്റത്ത് എത്തിയപ്പോൾ, ആദ്യം കണ്ട മിഡ് വേ പാർക്ക് തൊട്ടടുത്ത് ...! 
Midway 
പാർക്കിൽ നിന്നുള്ള അവസാനത്തെ തീവണ്ടി പിടിക്കാൻ ധൃതിയിൽ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ഈ പൈതൃകങ്ങൾ വരുംതലമുറക്കായി സൂക്ഷിക്കാൻ സന്മനസ്സു തോന്നിയവരോടുള്ള നന്ദി മനസ്സിൽ നിറഞ്ഞു.... 
Downtown
എഡ്മണ്‍ഡണ്‍ കൂടുതൽ മനോഹരിയും സ്വയംപര്യാപ്തയുമായി തന്റെ ജൈത്രയാത്ര തുടരുകയാണ്...  വർഷങ്ങൾക്കുശേഷം ഇപ്പോൾ നമ്മൾ കാണുന്ന നഗരവും ഈ പാർക്കിൽ സ്ഥാനം പിടിക്കും. അങ്ങനെ വരുംതലമുറകൾ എഡ്മണ്‍ഡണിന്റെ  വഴിത്താരകളെ അറിയുകയും അവരുടെ സംഭാവനകൾ കൂട്ടിച്ചേർക്കുകയും ചെയ്യും....  

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (മൂന്നാം ഭാഗം)

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക്(രണ്ടാം ഭാഗം)  

ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക്(ഒന്നാം ഭാഗം)









26 comments:

Sapna Anu B.George October 13, 2014 at 9:24 AM  

Best part is ur photos & perfect narration that goes along with snaps. Sorry 4 English....

Risha Rasheed October 13, 2014 at 10:23 AM  

ഉള്ളില്‍ കൌതുകം നിറയ്ക്കും
കാഴ്ച്ചകള്‍ മനോഹരം!..rr

ഫൈസല്‍ ബാബു October 13, 2014 at 10:34 AM  

കഴിഞ്ഞ പോസ്റ്റിലെ ഒരു പിഴവ് നികത്തിയിരിക്കുന്നു സന്തോഷം ,, ആ വിവരണം തന്നതിന്,, കാഴ്ചകള്‍ തുടരട്ടെ !! അടുത്തതിനായി ആകാംക്ഷയോടെ... അക്ഷരം തീരെ ചെറുതായി പോയി ഫോണ്ട് സൈസ് കുറച്ച്കൂടി വലുതാക്കിയാല്‍ വായനാസുഖം കൂടും.

ഷാജി പരപ്പനാടൻ October 13, 2014 at 1:11 PM  

ചിത്രങ്ങളുടെ ഭംഗി ആ പ്രദേശങ്ങൾ കാണാൻ കൊതിപ്പിക്കുന്നു.

Sabu Hariharan October 13, 2014 at 3:29 PM  

Good one. Please increase the font size and change font color to black :)

Looks like some pictures are from some website or from handy cam videos.. You can keep links to the previous issues on the same subject.

© Mubi October 13, 2014 at 5:35 PM  

പാര്‍ക്കില്‍ ചുറ്റി നടന്ന് മതിയായില്ല. പറഞ്ഞത് കേട്ടും, വായിച്ചും ഇതിപ്പോ കാണാനുള്ള ആഗ്രഹം മൂത്തു...ശോ!

Sudheer Das October 13, 2014 at 6:15 PM  

മിഴിവുള്ള ചിത്രങ്ങളും ചുരുക്കിയുള്ള വിശദീകരണങ്ങളും. പഴയകാലത്തിന്റെ രുചി പോലും അനുഭവിക്കാന്‍ കഴിയുന്ന ഈ പാര്‍ക്ക് ഒരു അത്ഭുതലോകം തന്നെ. ആശംസകള്‍.

ലംബൻ October 14, 2014 at 5:25 AM  

ഈ ലക്കവും മനോഹരമായി..
എന്തെകിലും ഒരിക്കല്‍ ഇവിടെയൊക്കെ ഞാനും പോകുമോ എന്തോ..

കുഞ്ഞൂസ് (Kunjuss) October 14, 2014 at 6:30 AM  

@ Sapna Anu George: എപ്പോഴും വായനക്കായി ഓടിയെത്തുന്ന പ്രിയ സ്നേഹിതക്ക്‌ സ്നേഹവും നന്ദിയും...

@ Risharasheed: വായനക്കും അഭിപ്രായത്തിനും നന്ദി.

@ Faisal Babu : ഫൈസൽ, ഫോണ്ട് വലുതാക്കിയിട്ടുണ്ട്. മറ്റു ഭാഗങ്ങൾ കൂടി വായിച്ചു നോക്കുമല്ലോ.

@ Shaji Parappanadan: ഞങ്ങളുടെ അതിഥിയായി കാനഡയ്ക്ക് സ്വാഗതം... :)

@ Sabu Hariharan: സാബു, ഫോണ്ട് ശരിയാക്കിയിട്ടുണ്ട്. ലിങ്കും കൊടുത്തിട്ടുണ്ട്‌. ... ക്യാമറയിലും മൊബൈലിലും ഒക്കെയായി എടുത്ത ചിത്രങ്ങൾ കൊളാഷ് ചെയ്തത് കൊണ്ടാകുമോ അങ്ങിനെയൊരു ഫീലിംഗ് തോന്നിയത്...?

@ Mubi: മുബീ, വണ്ടി വിട്ടോ ആൽബർട്ടക്ക്.... ! :)

@ സുധീര്‍ദാസ്‌: എന്നും പ്രോത്സാഹനങ്ങളുമായി എത്തുന്ന സുധീറിന് നന്ദി.

@ Sreejith: ശ്രീജിത്, അങ്ങിനെ നടക്കട്ടെ എന്നാശംസിക്കുന്നു.

പട്ടേപ്പാടം റാംജി October 14, 2014 at 8:51 AM  

ഇത്തവണ കൂടുതൽ മനോഹരമായിരിക്കുന്നു. ന്യൂ ജനറേഷൻ ട്രൈനൊക്കെ കാണുമ്പോൾ ഒരു കൊതിയൊക്കെ തോന്നുന്നുണ്ട്.

അരുൺ October 14, 2014 at 9:00 AM  

Excellent

KHARAAKSHARANGAL October 15, 2014 at 2:26 AM  

എത്ര സുന്ദരമാണ് കാനഡ. നമ്മുടെ നാടിന്റെ പൈതൃകങ്ങൾ ഇങ്ങനെ സംരക്സിക്കപ്പെട്ടിരുന്നെങ്കിൽ...

വിനുവേട്ടന്‍ October 15, 2014 at 10:40 AM  

മനോഹരം.. കാനഡയിലെ ഏത് സ്ഥലമാണ് അടുത്തതായി പരിചയപ്പെടുത്താൻ പോകുന്നത്...?

ഓര്‍മ്മകള്‍ October 16, 2014 at 3:02 AM  

മനോഹരം... കൌതുകം തോന്നുന്നു....

പ്രയാണ്‍ October 16, 2014 at 10:40 AM  

ഇവിടെയൊക്കെ വാരലുണ്ടാവുമോആവോ.. ഇങ്ങിനെ കാണാന്‍ കഴിഞ്ഞല്ലോ...:)

ചന്തു നായർ October 18, 2014 at 6:53 AM  

കമനീയമായ ചിത്രങ്ങൾ,മഹനീയമായ കാഴ്ചകൾ... ഇതൊന്നും നേരിട്ടിനി കാണാനാകില്ലാ എങ്കിലും..നേരിട്ട് കണ്ടത്പോലെയുള്ള അനുഭവം നൽകിയതിന് നന്ദി കുഞ്ഞെ

Unknown October 19, 2014 at 3:21 AM  

മികവുറ്റ ചിത്രങ്ങൾക്ക് പച്ച മലയാളത്തിൽ ( അതികം ഇംഗ്ലീഷ് ഉപയോഗിക്കാതിരിക്കാൻ ശ്രമം കണ്ടു ) വിശദീകരിക്കുന്നു..

പോയി കണ്ടില്ലെങ്കിലും വന്നു കണ്ടത് പോലെ ......

Harinath October 20, 2014 at 7:52 AM  

അങ്ങനെ കാനഡ മുഴുവൻ കണ്ടു.
മനോഹരമായ ചിത്രങ്ങളും വിവരണവും.
ആശംസകൾ...

കുഞ്ഞൂസ് (Kunjuss) October 20, 2014 at 8:35 AM  

@ Harinath: കാനഡ മുഴുവനായില്ല ട്ടോ, ഇത് ആൽബർട്ട എന്ന പ്രോവിൻസിലെ എഡ്മണ്‍ഡണ്‍ സിറ്റിയിലെ ഒരു കാഴ്ച മാത്രം .... കൂടുതൽ കാഴ്ചകളുമായി വീണ്ടും വരാം ...

ente lokam October 20, 2014 at 9:45 AM  

എഡ്മണ്ട് പാർക്ക്‌ ..ഒന്ന് പോയി വന്ന
പ്രതീതി..

ആ ടെലിഫോണ്‍ സ്വിച് ബോർഡ് ഞാൻ
ഉപയോഗിച്ചിട്ടുണ്ട്‌.1986 ഇൽ..രസം
ആണ് .ഓരോ കോളും വരുമ്പോൾ അത്
മാറി മാറി ഊരിയെടുത്തു ഓരോ connector
ഇലും കണക്ട് ചെയ്യണം.കുറെ അധികം
റൂം ഉള്ള ഹോട്ടലിലെ operators പെട്ടെന്നു
ഈ ജോലി ചെയ്യണത് കണ്ടു അദ്ഭുതപെട്ടിട്ടുണ്ട്
ഇപ്പൊ ഇതൊന്നും നിലവിൽ ഇല്ല എന്നാ ഞാൻ
കരുതിയെ..

അഭിനന്ദനങ്ങൾ കുഞ്ഞുസ്

mayflowers October 24, 2014 at 7:17 AM  


Wow!!!!
Beautiful pics..

അക്ഷരപകര്‍ച്ചകള്‍. October 25, 2014 at 4:40 AM  

എഡ്മണ്‍ഡണ്‍ പാർക്ക് കുഞ്ഞൂസിന്റെ മനോഹര വിവരണത്താൽ എന്നെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ആ മോട്ടോർ ബൈക്ക് എനിക്ക് ക്ഷ ബോധിച്ചു ട്ടോ. വളരെ ഭംഗിയായി ഒരു ഭൂതകാലത്തെ സൂക്ഷിയ്ക്കുന്ന അധികാരികൾ വളരെ അഭിനന്ദനം അര്ഹിയ്ക്കുന്നു. കുഞ്ഞൂസിന്റെ കൂടെ ഞാൻ ഇനി യാത്രകൾ ഒരുപാട് ചെയ്യും. എന്തു രസായിട്ടാണ് എല്ലാം വിവരിച്ചു തന്നിരിയ്ക്കുന്നത്. ഒരുമിച്ചു സ്ഥിതി ചെയ്യുന്ന മരുന്നുകടയും പലഹാരക്കടയും ഞാൻ മനസ്സിൽ കണ്ടു. എനിയ്ക്കും കിട്ടി വെണ്ണ ബിസ്ക്കട്ടിന്റെ സ്വാദ്! വേറൊരു കാര്യം പറയട്ടെ കുഞ്ഞൂ , പല നല്ലരുചികൾ ആസ്വദിയ്ക്കുമ്പോഴും ഞാൻ കുഞ്ഞൂസ് വിചാരിച്ചത് പോലെ തന്നെ വിഷമത്തോടെ ഓർക്കും " ഈ നല്ല രുചികൾ എനിയ്ക്കൊപ്പം നുകരാൻ അമ്മയമ്മൂമമാരില്ലല്ലൊ " എന്ന്. എത്ര നല്ല രുചികൾ അവരുടെകയ്യാലെ നമ്മൾക്ക് ഊട്ടി തന്നവർ ! ഞാൻ , അല്ല നമ്മൾ അറിയുന്ന നല്ല രുചികളെ അവരുമായി പങ്കുവയ്ക്കുവാൻ കഴിയാതെ പോകുന്നത് സങ്കടം തന്നെ. എന്നത്തേയും പോലെ ഈ യാത്രാ വിവരണവും അതീവ സുന്ദരം കുഞ്ഞൂസ്. യാത്രയും വിവരണവും തുടരൂ. ഞാനും കൂടെയുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം November 12, 2014 at 6:03 AM  

ഇവിടെ ലണ്ടനിലുമുണ്ട്
‘ട്രാൻസ്പോറ്ട്ട് ഫോർ ലണ്ടന്റെ ‘
ഇത് പോലുള്ള ഒരു മ്യൂസിയം..!

kochumol(കുങ്കുമം) November 12, 2014 at 10:53 PM  

മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ അവിടം വരെ പോയി വന്നതുപോലെ . നേരിട്ട് ഇവിടൊക്കെ പോകാന്‍ ഭാഗ്യം ണ്ടാവുമോ ആവോ ..യാത്രകള്‍ ഇനിയും തുടരട്ടെ !

ഇ.എ.സജിം തട്ടത്തുമല November 13, 2014 at 9:16 AM  

കാഴ്ചയും വായനയും അടയാളപ്പെടുത്തുന്നു. നന്നായി

മിനി പി സി January 12, 2015 at 11:42 PM  

ഇവിടെ ആദ്യാണ് .വിവരണം ചിത്രങ്ങള്‍ എല്ലാം നന്നായി.

Related Posts Plugin for WordPress, Blogger...

എന്നെക്കുറിച്ച്

My photo
കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു കുഞ്ഞു ശ്രമം!

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP